Sunday, January 4, 2009

കുടുംബം

കുടുംബജ്യോതിസ്‌കുടുംബങ്ങളുടെ മാര്‍ഗ്ഗദര്‍ശിഅസ്തിവാരങ്ങള്‍ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന ഒരു പടുകൂറ്റന്‍ കെട്ടിടമാണ്‌ഉത്തരാധുനിക ലോകം. അതിന്റെ തകര്‍ന്നുകൊണ്ടിരിക്കുന്ന അസ്തിവാരംവെല്ലുവിളികളെ നേരിടുന്ന കുടുംബമല്ലാത്ത മറ്റൊന്നുമല്ല. കുടുംബമെന്ന സ്ഥാപനത്തിന്‌ മനുഷ്യവര്‍ഗ്ഗത്തോളം തന്നെ പഴക്കമുണ്ട്‌. കുടുംബത്തെചൂഴ്‌ന്നുനില്‍ക്കുന്ന മൂല്യങ്ങള്‍ക്കും യുഗങ്ങളുടെ പാരമ്പര്യമുണ്ട്‌. എന്നാല്‍ആ മൂല്യങ്ങളില്‍ പലതും ഇന്ന്‌ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. പലതും നിഷേധിക്കപ്പെട്ടു കഴിഞ്ഞു. അങ്ങനെ കുടുംബത്തിന്റെ ദീര്‍ഘമായ ചരിത്രത്തില്‍ഏറ്റവും രൂക്ഷമായ വെല്ലുവിളികളെ നേരിടുന്ന ഒരു ദശാസന്ധിയിലാണിന്ന്‌. സമകാലിക ലോകത്തിലെ ഏറ്റവും വലിയപ്രതിസന്ധികളിലൊന്ന്‌കുടുംബം എന്ന സാമൂഹിക സ്ഥാപനത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്നതകര്‍ച്ചയാണെന്നത്‌ നിര്‍വ്വിവാദമത്രെ.സാമൂഹികഭദ്രതയിലും വരുംതലമുറകളുടെ ക്ഷേമത്തിലും താത്പര്യമുള്ളഎല്ലാവരെയും ഉത്കണ്ഠാഭരിതരാക്കുന്ന ഒരു സ്ഥിതിവിശേഷണമാണിത്‌.രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും അതേത്തുടര്‍ന്ന്‌ കാലാകാലങ്ങളില്‍ചേരുന്ന മെത്രാന്മാരുടെ സിനഡുകളും കുടുംബത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള അജപാലനപ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നതിന്റെ പശ്ചാത്തലമിതാണ്‌. കുടുംബത്തിന്റെ വിശുദ്ധിക്കും സുസ്ഥിതിക്കുമെതിരെ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന നശീകരണാശയങ്ങളുടെ കൊടുങ്കാറ്റിനെ ചെറുത്തു നില്‍ക്കുകയും, കുടുംബഭദ്രതയ്ക്കുതകുന്ന പ്രായോഗികമാര്‍ഗ്ഗങ്ങള്‍ ആവിഷ്കരിച്ചു നടപ്പാക്കുകയും ചെയ്യുക ഇന്നത്തെ ഏറ്റവും അടിയന്തരമായ ആവശ്യങ്ങളിലൊന്നായിത്തീര്‍ന്നിരിക്കുന്നു.കുടുംബത്തെ അഭിമുഖീകരിക്കുന്ന പ്രധാന വിപത്തുകളിലൊന്ന്‌ ഇന്നത്തെചില സാമൂഹിക സമ്പര്‍ക്കമാധ്യമങ്ങളാണ്‌. കുടുംബജീവിതത്തിന്റെ മാനുഷിക,ധാര്‍മ്മികമൂല്യങ്ങളെ ചോദ്യം ചെയ്യുന്നവയും, കുടുംബബന്ധങ്ങളുടെപാവനതയെ വിലയിടിച്ചു കാണിക്കുന്നവയുമായ പ്രസിദ്ധീകരണങ്ങളുടെ ഒരുപ്രവാഹം തന്നെയുണ്ടിന്ന്‌. കുടുംബജീവിതത്തിന്റെ പരിശുദ്ധിക്കും കുടുംബത്തിന്റെ ധാര്‍മ്മികമൂല്യങ്ങള്‍ക്കും ഊന്നല്‍ കൊടുക്കുന്ന പ്രസിദ്ധീകരണങ്ങളുടെ അഭാവമാണ്‌ ഈ ദുഃസ്ഥിതിക്കുള്ള പ്രധാന കാരണങ്ങളിലൊന്ന്‌. പാശ്ചാത്യസമൂഹങ്ങളെ അപേക്ഷിച്ച്‌ നമ്മുടെ കുടുംബങ്ങള്‍ കൂടുതല്‍ കെട്ടുറപ്പുള്ളവയാണ്‌. എന്നാല്‍ അപകടസൂചനകള്‍ അങ്ങിങ്ങു പ്രത്യക്ഷപ്പെട്ടു തുടങ്ങി‍യിട്ടുണ്ട്‌. ആ യാഥാര്‍ത്ഥ്യത്തിനുനേരെ നാം കണ്ണടച്ചു കൂടാ. വീടിനുള്ളില്‍നാം ഊട്ടിവളര്‍ത്തുന്ന മൂല്യങ്ങളില്‍പ്പലതും പുറംവേദികളില്‍വച്ചു പോക്കറ്റടിക്കപ്പെടുവാനുള്ള സാധ്യതകള്‍ ഇന്നു വിപുലമാണ്‌. കുടുംബവും ബാഹ്യലോകവും തമ്മിലുള്ള സംഘര്‍ഷം ഇന്ന്‌ അത്രമേല്‍ വര്‍ദ്ധിച്ചിരിക്കുന്നു. ഈപശ്ചാത്തലത്തിലാണ്‌ കുടുംബജ്യോതിസ്‌ എന്ന കുടുംബപ്രസിദ്ധീകരണത്തിന്‌ പ്രസക്തിയേറുന്നത്‌.ജ്യോതിസ്‌ എന്ന പദത്തിന്‌ ഒരു ഡസനിലേറെ നാനാര്‍ത്ഥങ്ങളുണ്ട്‌.എങ്കിലും പ്രകാശം, തേജസ്‌ എന്നീ അര്‍ത്ഥങ്ങള്‍ക്കാണ്‌ പ്രാധാന്യം. എല്ലാമതസംസ്കാരങ്ങളിലും ഈശ്വരന്‍, നന്മ എന്നിവയെക്കുറിക്കുന്ന ഒരു പ്രമുഖപ്രതീകമാണ്‌ പ്രകാശം. 'തമസോ മാ ജ്യോതിര്‍ഗമയ' (ഇരുട്ടില്‍നിന്ന്‌ എന്നെവെളിച്ചത്തിലേയ്ക്കു നടത്തണമേ) എന്ന ബൃഹദാരണ്യകസൂത്രം കേവലംപ്രകൃതിയിലെ ഇരുളിനെയും വെളിച്ചത്തെയുമല്ല കുറിക്കുകയെന്നു വ്യക്തമാണ്‌.'ദയാര്‍ദ്രമായ പ്രകാശമേ! എന്നെ നയിക്കണമേ' എന്ന കാര്‍ഡിനല്‍ന്യൂമാന്റെ പ്രാര്‍ത്ഥനാഗീതവും പ്രസിദ്ധമാണല്ലോ. ഭാരതത്തില്‍ മിക്ക മംഗളകര്‍മ്മങ്ങള്‍ക്കും തുടക്കം കുറിക്കുന്നത്‌ നിലവിളക്കിനെ സാക്ഷിനിര്‍ത്തിക്കൊണ്ടാണ്‌. എല്ലാ മതക്കാരുടെയും പൂജാദികര്‍മ്മങ്ങളില്‍ അഗ്നിക്കും വെളിച്ചത്തിനും അനിഷേധ്യമായ സ്ഥാനമാണുള്ളത്‌.പഴയനിയമവും പുതിയനിയമവുമടങ്ങുന്ന ബൈബിളില്‍ വെളിച്ചത്തെയുംവിളക്കിനെയും കുറിച്ച്‌ നിരവധി പരാമര്‍ശങ്ങളുണ്ട്‌. 'ഞാന്‍ ലോകത്തിന്റെവെളിച്ചമാകുന്നു. എന്നെ അനുഗമിക്കുന്നവന്‍ അന്ധകാരത്തില്‍ നടക്കുന്നില്ല'എന്നു ഈശോ പറഞ്ഞു. പ്രകാശം വമിക്കുന്ന അഗ്നിജ്വാലകളുടെ രൂപത്തിലാണ്‌പന്തക്കുസ്താദിനത്തില്‍ പരിശുദ്ധാത്മാവ്‌ ശ്ലീഹന്മാരുടെമേല്‍ ഇറങ്ങിവന്നത്‌. വിളക്കു തെളിച്ചുകൊണ്ട്‌ മണവാളനെ കാത്തിരിക്കുന്ന കന്യകമാരുടെഉപമയും, പറയ്ക്കുകീഴെ കത്തിച്ചുവച്ച വിളക്കിനെക്കുറിച്ചുള്ള സൂചനയുമൊക്കെ പ്രസിദ്ധമാണല്ലോ. ബൈബിളില്‍ ഏറ്റവും കൂടുതല്‍ തവണകൈകാര്യം ചെയ്യപ്പെടുന്ന പ്രതീകങ്ങളിലൊന്നാണ്‌ പ്രകാശമെന്നു പറയാം.ഈ കുടുംബ പ്രസിദ്ധീകരണത്തിന്‌ കുടുംബജ്യോതിസ്‌ എന്ന പേര്‌ സ്വീകരിച്ചതിന്റെ പശ്ചാത്തലം മേല്‍സൂചിപ്പിച്ച വസ്തുതകളൊക്കെയാണ്‌. ആധുനികലോകത്തെ ആകമാനം ഗ്രസിച്ചു തുടങ്ങിയിരിക്കുന്ന തിന്മയുടെയുംഅധാര്‍മ്മികതയുടെയും കൂരിരുട്ടില്‍ പ്രകാശധാമങ്ങളായി ഉയര്‍ന്നുനില്‍ക്കേണ്ടവയാണ്‌ ഉത്തമകുടുംബങ്ങള്‍. കുടുംബങ്ങള്‍ക്കു പകരംനില്‍ക്കാനാവുന്നമറ്റൊരു സ്ഥാപനമോ പരിശീലനവേദിയോ ഉണ്ടായിട്ടില്ല; ഉണ്ടാവുകയുമില്ല.സമൂഹത്തെ ചൂഴ്‌ന്നുനില്‍ക്കുന്ന നിബിഡാന്ധകാരത്തിനുള്ളിലേയ്ക്കുകുടുംബം അതിന്റെ ജ്യോതിസ്‌ പ്രസരിപ്പിക്കണം. സ്നേഹം, നന്മ, ത്യാഗം,ധാരണ എന്നീ പ്രകാശകിരണങ്ങളിലൂടെ അത്‌ ഇരുട്ടിലെ വഴിപോക്കര്‍ക്കുമാര്‍ഗ്ഗം തെളിയിക്കണം. കുടുംബം പോകുന്ന വഴിക്കാണ്‌ ലോകവും പോകുന്നത്‌ എന്ന ഭാഗ്യസ്മരണാര്‍ഹനായ ജോണ്‍പോള്‍ മാര്‍പാപ്പയുടെ വാക്കുകള്‍ ഇവിടെ സ്മരണീയമാണ്‌.കുടുംബജ്യോതിസ്‌ കുടുംബത്തെ കേന്ദ്രമാക്കിയുള്ള പ്രസിദ്ധീകരണമാണ്‌.അത്‌ കുടുംബത്തിനു കെട്ടുറപ്പേകുന്ന മാനുഷിക-ധാര്‍മ്മികമൂല്യങ്ങള്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുന്നു. കുടുംബഭദ്രതയ്ക്കു തുരങ്കംവയ്ക്കാന്‍ ശ്രമിക്കുന്ന എല്ലാ പ്രസ്ഥാനങ്ങള്‍ക്കുമെതിരെ അടിപതറാതെ പടപൊ‍രുതുന്നു. മനഃശാസ്ത്രം, ആരോഗ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം,മാധ്യമസാക്ഷരത, കരിയര്‍, പേഴ്സണാലിറ്റി ഡെവലപ്മെന്റ ്‌, ബൈബിള്‍വിജ്ഞാനീയം, ലിറ്റര്‍ജി, ഭാഷാപഠനം, പ്രബോധനം, കൃഷിപാഠം, പാചകംതുടങ്ങിയ വിവിധ വിജ്ഞാനമേഖലകളില്‍നിന്ന്‌, കുടുംബങ്ങളുടെ സര്‍വ്വതോമുഖമായ ക്ഷേമത്തിനുതകുന്ന കൈത്തിരികള്‍ കൊളുത്തി കുടുംബവേദിയിലെത്തിക്കാന്‍ കുടുംബജ്യോതിസ്‌ ശ്രദ്ധിക്കുന്നു. കുടുംബങ്ങളുടെ മാനുഷികവും ധാര്‍മ്മികവുമായ പുരോഗതിക്കുതകുന്ന ഒരു വിഷയവും കുടുംബജ്യോതിസിന്‌ അന്യമല്ല. 'കുടുംബം ഭൂമിയിലെ സ്വര്‍ഗ്ഗം' എന്ന സ്വപ്നത്തെയാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കുന്നതില്‍ ഓരോ കൂടുംബത്തെയും മാധ്യമങ്ങളുടെസ്വാധീനശക്തി നിര്‍ലോപമുപയോഗിച്ച്‌ യഥാര്‍ഹം സഹായിക്കുകയാണ്‌മാസികയുടെ ലക്ഷ്യം. അതോടൊപ്പം, കുടുംബവിഷയങ്ങള്‍ വിശദമായി പ്രതിപാദിക്കുന്ന പുസ്തകങ്ങളുടെ പ്രസാധനത്തിലും, ഭക്തിഗാന കസെറ്റുകളുടെനിര്‍മ്മാണത്തിലും കുടുംബജ്യോതിസ്‌ ശ്രദ്ധവയ്ക്കുന്നുണ്ട്‌.അക്ഷരസേവനത്തിന്റെ 26 സുവര്‍ണ്ണവത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കുടുംബജ്യോതിസിന്റെ ക്രമാനുഗതവളര്‍ച്ചയുടെ വഴിയിലെ ഒരു സുപ്രധാന നാഴികക്കല്ലായി ഈ ഇന്റര്‍നെറ്റ്‌ എഡിഷനെ ഞങ്ങളുടെ അനുവാചകര്‍ തിരിച്ചറിയുമെന്ന്‌ ഞങ്ങള്‍ക്കുറപ്പുണ്ട്‌. കുടുംബങ്ങള്‍ക്ക്‌ ശരിയായ ദിശാബോധംനല്‍കാന്‍ സദാ ശ്രമിക്കുന്ന കുടുംബജ്യോതിസിന്റെ തുടര്‍ന്നുള്ള വളര്‍ച്ചയിലുംസഹയാത്രികരായി നിങ്ങള്‍ കൂടെ കാണണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

Puramvathil

കരളുപറിയുന്ന വേദനയുണ്ടെങ്കിലും എനിക്കൊന്നു കരയാന്‍ പറ്റുന്നില്ലല്ലോ?" പറഞ്ഞുതീരും മുമ്പ്‌ അവന്‍ കരയാന്‍ തുടങ്ങി. കണ്ടുനിന്ന കാമിനിയുടെ കണ്ണിലും നീര്‍മണികള്‍ നിറഞ്ഞു. ഇത്തിരിനേരത്തെ 'കരയോഗ'ത്തിനുശേഷം മൂക്കുചീറ്റി അവന്‍ മുരണ്ടു: "ഇത്രയൊക്കെയായാലും ഞാനിവളെ തള്ളാതെ കൊള്ളാന്‍ തയ്യാറാണച്ചാ." പൊട്ടിക്കരഞ്ഞിരുന്ന കാമിനി പെട്ടെന്ന്‌ ഞെട്ടിത്തിരിഞ്ഞു. കോരിത്തരിച്ച അവള്‍ അവനെ വാരിപ്പുണരാന്‍ കുതിച്ചപ്പോള്‍ ഞാന്‍ ചാടിക്കുരച്ചു: "വേണ്ട...ആറടിമാറിനിന്നുമാത്രം ഇനി അനുരാഗത്തില്‍ ആറാടിയാല്‍ മതി." കാന്തംപോലെ അടുക്കാനാഞ്ഞവര്‍ കുന്തം കണ്ടപോലെ അകന്നുമാറി. ചെക്കന്‌ പ്രായം ഇരുപത്തിനാല്‌, പെണ്ണിന്‌ ഇരുപത്തിരണ്ടും. രണ്ടിനെയും കണ്ടാല്‍ അഴകില്ലെങ്കിലും ആകാരത്തില്‍ ചെറിയ ആനയോളം വരും. ബാംഗ്ലൂരില്‍ നഴ്സിംഗ്‌ പഠനത്തിലായിരുന്നു ഇരുവരും. വണ്ടിയില്‍വച്ച്‌ ഒരിക്കല്‍ കണ്ടു. ഫോണിലൂടെ മിണ്ടി. പിന്നെ ഹോട്ടലിലും പാര്‍ക്കിലും മുട്ടി. അധികം വൈകാതെ ലോഡ്ജില്‍ കണ്ടുമുട്ടി. പിന്നെ പലതവണ കൂട്ടിമുട്ടി... പഠനം പൊട്ടി, സ്കൂളില്‍ നിന്നും തട്ടി, വീട്ടുകാര്‍ ഞെട്ടി!! രണ്ടു തവണ ഗര്‍ഭച്ഛിദ്രം ചെയ്തവളെ വീട്ടുകാര്‍ നാട്ടിലെത്തിച്ചു. രണ്ടുവര്‍ഷത്തെ ഇടവേള... പയ്യന്‍ പിഴ കൊടുത്ത്‌ പഠനം തുടര്‍ന്നു. പെണ്ണ്‌ പഠനം തുടരാതെ പിഴച്ചു നടന്നു. അന്യജാതിക്കാരനായ മറ്റൊരുവനുമായി പുതിയ സംബന്ധം തുടങ്ങി. ഒരു വര്‍ഷത്തിനുള്ളില്‍ മറ്റൊരു ഗര്‍ഭച്ഛിദ്രംകൂടി... ആ ബന്ധവും അകാലചരമമടഞ്ഞു. പെണ്ണിന്റെ നാട്ടിലെ ലീലാവിലാസങ്ങള്‍ ചെക്കന്റെ ലോലഹൃദയത്തിനു താങ്ങാനായില്ല. അവന്‍ മോശമില്ലാതെ ലഹരിയടിച്ചും, വാശിക്കു മദ്യംമോന്തിയും കാശുകളഞ്ഞു. മറ്റു പെണ്‍കുട്ടികളെ ആക്രമിച്ചും, കൂട്ടുകാരെ കോക്രികാട്ടിയും നടന്ന അവനെ അന്യനാട്ടുകാര്‍ നന്നായി പെരുമാറി. അടികൊണ്ട്‌ അവശനായി ആശുപത്രിക്കിടക്കയിലായ അവനില്‍ അലിവുതോന്നിയ അവള്‍ ആരുമറിയാതെ വീണ്ടും അവനരികില്‍ എത്തി. മണ്ടത്തരങ്ങള്‍കൊണ്ട്‌ ജീവിതത്തില്‍ തെണ്ടിത്തിരിഞ്ഞിരിക്കവേ കണ്ടുമുട്ടിയ രണ്ടു നക്ഷത്രങ്ങളുംകൂടി, ഇനിയെന്തുവേണമെന്നറിയാന്‍ എന്റെ അരികില്‍ വന്നതാണ്‌. കഥകള്‍കേട്ടു കണ്ണുതള്ളിയ ഞാന്‍ ഉള്ളതുപറഞ്ഞാല്‍ വെള്ളം കുടിച്ചുപോയി. എങ്ങനെയെങ്കിലും പഠനം തുടരാനും പിന്നീട്‌ വീട്ടുകാരുടെ അനുവാദത്തോടെ വിവാഹം കഴിക്കാനും തീരുമാനമെടുപ്പിച്ചു. ഇതിനിടയില്‍ കണ്ടുമുട്ടലും കൂട്ടിമുട്ടലും പാടില്ല എന്നും, മിണ്ടാട്ടം വല്ലപ്പോഴുമാകാമെങ്കിലും 'കൊണ്ടാട്ടങ്ങള്‍' ഒരിക്കലും അരുതെന്നും ഉറപ്പുവരുത്തി പറഞ്ഞുവിട്ടു."വ്യഭിചാരം ചെയ്യുന്നവനു സുബോധമില്ല... ക്ഷതങ്ങളും മാനഹാനിയുമാണ്‌ അവന്‌ ലഭിക്കുക" (സുഭാ. 6:32).വാങ്ങിക്കൂട്ടി, വാരിവലിച്ചാസ്വദിച്ച്‌, വലിച്ചെറിയുന്ന ഭോഗത്തിന്റെ സംസ്കാരം ഇന്നു വിശ്വാസത്തിനും വിശുദ്ധിക്കും വില നല്‍കുന്നില്ല. അറിവ്‌ ആര്‍ജ്ജിക്കേണ്ടകാലത്ത്‌ ആസക്തികള്‍ക്ക്‌ അടിമകളാകുന്നവര്‍ ആലോചനയില്ലാതെ ആപത്തുകളില്‍ വീഴും. ബന്ധങ്ങളില്‍ പാലിക്കേണ്ട അകലം പാലിക്കാത്തവര്‍ ബന്ധനങ്ങളിലാകും. പാഴ്സുഖങ്ങള്‍ക്കു പിറകേ പരക്കംപായുന്ന യുവമനസുകള്‍ക്ക്‌ ജീവിതം തന്നെ പാഴായിത്തീരും. അകതാരലിഞ്ഞുള്ള അനുതാപവും, ആലോചനാപൂര്‍വ്വകമായ ജീവിതവും, ആത്മാര്‍ത്ഥതയുള്ള ആത്മീയതയും സ്വന്തമായുള്ളോര്‍ക്ക്‌ ഓരോ വര്‍ഷവും പുണ്യം പൂത്തുലയുന്ന പുതുവര്‍ഷമാകും!!"ദൈവത്തില്‍ നിന്നും അകലാന്‍ കാട്ടിയതിന്റെ പത്തിരട്ടി തീക്ഷ്ണതയോടെ തിരിച്ചുവന്ന്‌ അവിടുത്തെ തേടുവിന്‍" (ബാറൂക്ക്‌ 4:28).