Sunday, January 4, 2009

Puramvathil

കരളുപറിയുന്ന വേദനയുണ്ടെങ്കിലും എനിക്കൊന്നു കരയാന്‍ പറ്റുന്നില്ലല്ലോ?" പറഞ്ഞുതീരും മുമ്പ്‌ അവന്‍ കരയാന്‍ തുടങ്ങി. കണ്ടുനിന്ന കാമിനിയുടെ കണ്ണിലും നീര്‍മണികള്‍ നിറഞ്ഞു. ഇത്തിരിനേരത്തെ 'കരയോഗ'ത്തിനുശേഷം മൂക്കുചീറ്റി അവന്‍ മുരണ്ടു: "ഇത്രയൊക്കെയായാലും ഞാനിവളെ തള്ളാതെ കൊള്ളാന്‍ തയ്യാറാണച്ചാ." പൊട്ടിക്കരഞ്ഞിരുന്ന കാമിനി പെട്ടെന്ന്‌ ഞെട്ടിത്തിരിഞ്ഞു. കോരിത്തരിച്ച അവള്‍ അവനെ വാരിപ്പുണരാന്‍ കുതിച്ചപ്പോള്‍ ഞാന്‍ ചാടിക്കുരച്ചു: "വേണ്ട...ആറടിമാറിനിന്നുമാത്രം ഇനി അനുരാഗത്തില്‍ ആറാടിയാല്‍ മതി." കാന്തംപോലെ അടുക്കാനാഞ്ഞവര്‍ കുന്തം കണ്ടപോലെ അകന്നുമാറി. ചെക്കന്‌ പ്രായം ഇരുപത്തിനാല്‌, പെണ്ണിന്‌ ഇരുപത്തിരണ്ടും. രണ്ടിനെയും കണ്ടാല്‍ അഴകില്ലെങ്കിലും ആകാരത്തില്‍ ചെറിയ ആനയോളം വരും. ബാംഗ്ലൂരില്‍ നഴ്സിംഗ്‌ പഠനത്തിലായിരുന്നു ഇരുവരും. വണ്ടിയില്‍വച്ച്‌ ഒരിക്കല്‍ കണ്ടു. ഫോണിലൂടെ മിണ്ടി. പിന്നെ ഹോട്ടലിലും പാര്‍ക്കിലും മുട്ടി. അധികം വൈകാതെ ലോഡ്ജില്‍ കണ്ടുമുട്ടി. പിന്നെ പലതവണ കൂട്ടിമുട്ടി... പഠനം പൊട്ടി, സ്കൂളില്‍ നിന്നും തട്ടി, വീട്ടുകാര്‍ ഞെട്ടി!! രണ്ടു തവണ ഗര്‍ഭച്ഛിദ്രം ചെയ്തവളെ വീട്ടുകാര്‍ നാട്ടിലെത്തിച്ചു. രണ്ടുവര്‍ഷത്തെ ഇടവേള... പയ്യന്‍ പിഴ കൊടുത്ത്‌ പഠനം തുടര്‍ന്നു. പെണ്ണ്‌ പഠനം തുടരാതെ പിഴച്ചു നടന്നു. അന്യജാതിക്കാരനായ മറ്റൊരുവനുമായി പുതിയ സംബന്ധം തുടങ്ങി. ഒരു വര്‍ഷത്തിനുള്ളില്‍ മറ്റൊരു ഗര്‍ഭച്ഛിദ്രംകൂടി... ആ ബന്ധവും അകാലചരമമടഞ്ഞു. പെണ്ണിന്റെ നാട്ടിലെ ലീലാവിലാസങ്ങള്‍ ചെക്കന്റെ ലോലഹൃദയത്തിനു താങ്ങാനായില്ല. അവന്‍ മോശമില്ലാതെ ലഹരിയടിച്ചും, വാശിക്കു മദ്യംമോന്തിയും കാശുകളഞ്ഞു. മറ്റു പെണ്‍കുട്ടികളെ ആക്രമിച്ചും, കൂട്ടുകാരെ കോക്രികാട്ടിയും നടന്ന അവനെ അന്യനാട്ടുകാര്‍ നന്നായി പെരുമാറി. അടികൊണ്ട്‌ അവശനായി ആശുപത്രിക്കിടക്കയിലായ അവനില്‍ അലിവുതോന്നിയ അവള്‍ ആരുമറിയാതെ വീണ്ടും അവനരികില്‍ എത്തി. മണ്ടത്തരങ്ങള്‍കൊണ്ട്‌ ജീവിതത്തില്‍ തെണ്ടിത്തിരിഞ്ഞിരിക്കവേ കണ്ടുമുട്ടിയ രണ്ടു നക്ഷത്രങ്ങളുംകൂടി, ഇനിയെന്തുവേണമെന്നറിയാന്‍ എന്റെ അരികില്‍ വന്നതാണ്‌. കഥകള്‍കേട്ടു കണ്ണുതള്ളിയ ഞാന്‍ ഉള്ളതുപറഞ്ഞാല്‍ വെള്ളം കുടിച്ചുപോയി. എങ്ങനെയെങ്കിലും പഠനം തുടരാനും പിന്നീട്‌ വീട്ടുകാരുടെ അനുവാദത്തോടെ വിവാഹം കഴിക്കാനും തീരുമാനമെടുപ്പിച്ചു. ഇതിനിടയില്‍ കണ്ടുമുട്ടലും കൂട്ടിമുട്ടലും പാടില്ല എന്നും, മിണ്ടാട്ടം വല്ലപ്പോഴുമാകാമെങ്കിലും 'കൊണ്ടാട്ടങ്ങള്‍' ഒരിക്കലും അരുതെന്നും ഉറപ്പുവരുത്തി പറഞ്ഞുവിട്ടു."വ്യഭിചാരം ചെയ്യുന്നവനു സുബോധമില്ല... ക്ഷതങ്ങളും മാനഹാനിയുമാണ്‌ അവന്‌ ലഭിക്കുക" (സുഭാ. 6:32).വാങ്ങിക്കൂട്ടി, വാരിവലിച്ചാസ്വദിച്ച്‌, വലിച്ചെറിയുന്ന ഭോഗത്തിന്റെ സംസ്കാരം ഇന്നു വിശ്വാസത്തിനും വിശുദ്ധിക്കും വില നല്‍കുന്നില്ല. അറിവ്‌ ആര്‍ജ്ജിക്കേണ്ടകാലത്ത്‌ ആസക്തികള്‍ക്ക്‌ അടിമകളാകുന്നവര്‍ ആലോചനയില്ലാതെ ആപത്തുകളില്‍ വീഴും. ബന്ധങ്ങളില്‍ പാലിക്കേണ്ട അകലം പാലിക്കാത്തവര്‍ ബന്ധനങ്ങളിലാകും. പാഴ്സുഖങ്ങള്‍ക്കു പിറകേ പരക്കംപായുന്ന യുവമനസുകള്‍ക്ക്‌ ജീവിതം തന്നെ പാഴായിത്തീരും. അകതാരലിഞ്ഞുള്ള അനുതാപവും, ആലോചനാപൂര്‍വ്വകമായ ജീവിതവും, ആത്മാര്‍ത്ഥതയുള്ള ആത്മീയതയും സ്വന്തമായുള്ളോര്‍ക്ക്‌ ഓരോ വര്‍ഷവും പുണ്യം പൂത്തുലയുന്ന പുതുവര്‍ഷമാകും!!"ദൈവത്തില്‍ നിന്നും അകലാന്‍ കാട്ടിയതിന്റെ പത്തിരട്ടി തീക്ഷ്ണതയോടെ തിരിച്ചുവന്ന്‌ അവിടുത്തെ തേടുവിന്‍" (ബാറൂക്ക്‌ 4:28).

No comments: